മഴയോർമ്മകൾ


Friday, December 26, 2014












പൊയ്മുഖങ്ങൾ...
ഈ മുഖംമൂടി-
എനിക്കു സമ്മാനിച്ചത്-
നീയായിരുന്നു..
എനിക്കിന്നത് നന്നായി ചേരുന്നുമുണ്ട്.
എന്റെ മുഖത്തെ വിഷാദഭാവം,
എന്റെ കണ്ണുകളിൽനിന്നും ഊർന്നിറങ്ങിയ
നീർച്ചാലുകൾ,
അടിപ്പാടുകളാൽ വിക്രിതമായ മുഖം
എല്ലാം എനിക്കിതിന്നടിയിൽ
മറച്ചുവെയ്ക്കാം..
ഉള്ളിലെരിയുന്ന ലാവാപ്രവാഹം
കണ്ണുകളിലൂടെ,കവിളിലൂടെ-
ചാലിട്ടൊഴുകുമ്പൊഴും- 
എനിക്കു ചിരി പൊഴിക്കാം
കടലുപോലെ...തിരകൾ പോലെ..
മൗനത്തിന്റെ വഴിത്താരകളിൽ
നാമറിഞ്ഞ മുളങ്കാടിന്റെ മധുരാരവം,
ജന്മാന്തരങ്ങൾ തേടിയലഞ്ഞ-
ഉറങ്ങാതുണർന്ന രാവുകൾ,
നിലാവിലൊഴുകിനടന്നൊരായിരം
മണലെഴുത്തുകൾ,കിനാവുകൾ...
എല്ലാം...എല്ലാമിനി മറച്ചുവെയ്ക്കാം
പൊയ്മുഖങ്ങൾ..
എല്ലാം വെറും പൊയ്മുഖങ്ങൾ..


Saturday, December 13, 2014



ഓറഞ്ചു സൂര്യൻ

കടലുപോലെ ശാന്തമെങ്കിലും
നിന്റെ ഹ്രിദയം എത്രമേൽ
പ്രക്ഷുബ്ധമെന്ന് എനിക്കല്ലേ അറിയൂ...
നിന്റെയോരോ തിരയിളക്കങ്ങളിലും
ഒരു തേങ്ങലായെന്റെ ഹ്രിദയതാളമുണ്ട്..

ചുടു നെടുവീർപ്പുകളായത് തീരത്തെ
പുൽകുമ്പൊഴും ഞാനറിയുന്നുണ്ട്
എന്റെ നെഞ്ചിലുയരുന്ന നൊമ്പരം..
മണൽത്തരികളന്നേറ്റു വാങ്ങിയ
എന്റെ ഹ്രിദയരക്തകണികകൾ
തിരകൈകളാൽ മായ്ച്ചെടുത്തവളാണു നീ..

മരവിച്ച മനസ്സും മുറിവേറ്റൊരുടലുമായന്ന്
അന്ധകാരതീച്ചൂളയിൽ വെന്തുരുകുമ്പോഴും
എന്റെയുള്ളിലെ കടൽ നീയറിയാതെ പോയി..
പ്രണയകാലത്തിന്റെ മൂകസാക്ഷിയായ-
ഓറഞ്ചു സൂര്യൻ കടലാഴങ്ങളിൽ മുഖം മറച്ചു..







ശരശയ്യയിൽ...

ശപിക്കപ്പെട്ട ചില ജന്മങ്ങളുണ്ട്..
സ്നേഹ നിസ്സഹായതയുടെ ശരശയ്യയിൽ
മരിക്കാൻപോലുമാകാതെ വേദനിക്കുന്നവർ..
മരണത്തിന്റെ മണിമുഴക്കത്തിനായി-
കതോർക്കുന്ന കഴുകന്റെ കണ്ണുകൾ..
അർജ്ജുനാ നിനക്കൊരായിരം നന്ദി..
നീയെനിക്കായ് തീർത്ത ശരശയ്യയിൽ
പ്രാണവേദനയുടെ സുഖാനുഭൂതിയിൽ-
കത്തിയമരുമ്പൊഴും കാണുന്നു ഞാൻ
ശിഖണ്ഡിതൻ ആത്മനിർവ്രിതി..
ഉത്തരായനം വരെ കാത്തുകിടക്കണം..
ഞാൻ വെറുതെയൊന്നു കണ്ണടച്ചോട്ടെ...
ഞാനെന്താണെന്നും എന്റെയുള്ളിലെന്താണെന്നും
മറ്റുള്ളവരെന്തിനറിയണം...?
(മരണമെത്തുന്ന നേരത്തു നീയെന്റെ-
അരികിലിത്തിരി നേരമിരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ-
ഒടുവിൽ മെല്ലെത്തലോടി ശമിക്കുവാൻ
..)
ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം...
ഈ മരണവേദന മറക്കാൻ
എനിക്കതുമാത്രം മതി..




Friday, December 12, 2014












കവി പറയാതെ പോയത്...

കവിയോടൊരു വാക്ക്...
നിനക്ക് കടലിനേക്കുറിച്ച് എന്തറിയാം..?
ഒന്നുമറിയില്ല...ഒന്നും.
എന്റെ തേങ്ങൽ നിനക്കു പാൽച്ചിരി,
തലതല്ലി കരയുമ്പോൾ കൊലച്ചിരി..
നിനക്കെല്ലാം എളുപ്പം മറക്കാം-
തനിയാവർത്തനങ്ങൾ..
നിനക്കു സ്വപ്നം കാണാൻ..
നിനക്കു സന്തോഷിക്കാൻ..
അറുത്തെറിഞ്ഞു തന്ന എന്റെ ഹ്രിദയം
ജീവരക്തം വാർന്നലിഞ്ഞു ചേർന്നത്
ഈ മണൽത്തരികൾക്കു മാത്രമറിയാം..
തിരിച്ചു പോയത് നീയാണു..
കത്തിയെരിയുന്ന എന്റെ മനസ്സിന്റെ
സ്പന്ദനങ്ങൾ നീയറിയാതെ പോയി...
എങ്കിലും അന്നു നീ കോറിയ വാക്കുകൾ-
മായ്ച്ചാലും മായാതെ നില്പുണ്ടതോർക്ക നീ...
ഈ കടലാഴങ്ങളിൽ നിറയുന്ന
വേദനയുടെ കണ്ണീരുപ്പു
അതു മാത്രം ആരും അറിയാതെ പോകട്ടെ..
അട്ടഹാസം..പൊട്ടിച്ചിരി..വിതുമ്പലുകൾ...
എനിക്കിപ്പോൾ ഭ്രാന്തല്ലെന്നു പറയാൻ

നിനക്കുപോലുമാകില്ല...