മഴയോർമ്മകൾ


Sunday, April 19, 2020

ഓർമ്മപ്പൂക്കൾ









 












ഓർമ്മപ്പൂക്കൾ

മുറ്റത്ത് കോഴിഞ്ഞു വീണ
സ്വർണ്ണനിറമാർന്ന
ഇലഞ്ഞിപൂക്കൾക്ക് നിന്റെ
സ്നേഹത്തിന്റെ സുഗന്ധമാണ്..
പണ്ടെപ്പോഴോ നീയെന്റെ കൈകളിൽ
പകർന്നു തന്ന പ്രണയോപഹാരം.
കലിയോടെ ചൂലുമായ് നിൽക്കുന്ന
പ്രിയതമയ്ക്കതു വെറും തൂത്താലും മായാത്ത
കരിയിലച്ചവറുകൾ..
ഇരുട്ടിൽ തുറന്നിട്ട ജാലകത്തിനപ്പുറം
കടലാഴങ്ങളിൽ നാം കണ്ട കനവുകൾ
നാം കൊറിയ വാക്കുകൾ,
തീരം തേടിയലഞ്ഞ രാവുകൾ..
കോർത്ത വിരലുകൾ..
വൃന്ദാവനം...പ്രണയാർദ്രമാമേതോ
മുളന്തണ്ടിന്റെ മധുരഗീതം..
ഉറങ്ങാതുണർന്ന രാപ്പകലുകൾ
അകലെയാണെങ്കിലും
ഒരു മഴയിലലിഞ്ഞു നാം
ഒരു കനവിലലിഞ്ഞു നാം
അടഞ്ഞുപോയ ജനാലകൾ
കത്തിയമർന്ന മുളങ്കാടുകൾ ,
മുരളിക നിലച്ച വൃന്ദാവനം.
ഓർമ്മകളിലെവിടെയോ -
ഒരിടയന്റെ തേങ്ങൽ.

Wednesday, April 8, 2020








 


മരണവിത്തുകൾ
എങ്ങും നിശ്ശബ്ദത മാത്രം..
വിജനമായ വീഥികളിൽ
മരണത്തിന്റെ ഗന്ധവും പേറി
കാറ്റു വീശുന്നുണ്ട്..
പതിയിരിക്കുന്നുണ്ട് മരണത്തിന്റെ
സൂക്ഷ്മവിത്തുകൾ..
മുള നുള്ളാൻ മാത്രം പഠിച്ചവർ..
മുഖം നഷ്ട്ടപെട്ട മനുഷ്യജീവികൾ
മറത്തുണികൾക്കുള്ളിൽ പതുങ്ങിയിരിപ്പുണ്ട്
മരണസംഭ്രമത്തോടെ .
പ്രേതഭൂമിയിൽ ജഡങ്ങൾ നിറയുന്നു.
അവസാന യാത്രാമൊഴി പോലും ചൊല്ലാതെ
ചീഞ്ഞു നാറുന്നത് കൊച്ചു വീടുകളിലിരുന്ന്
അറിയുന്നുണ്ട് നിറകണ്ണുകൾ..
പട നയിക്കാൻ മാത്രം പഠിച്ചവർ
പണച്ചാക്കുകൾക്കും പടക്കോപ്പുകൾക്കും
മീതെയിരുന്നു കരയുന്നുണ്ട്
അപ്പവും വീഞ്ഞുമായി
നടുക്കടലിലുടെ ഇനിയാരും നടന്നു വരാനില്ല..
ദൈവങ്ങളെല്ലാം ഉറക്കത്തിലാണ്..
അവർക്കിടയിലൂടെ ചില മാലാഖമാർ
പറന്നിറങ്ങുന്നുണ്ട് സ്നേഹചിറകു വീശി..
യുദ്ധഭൂമിയിൽ നാം കൂട്ടിവെച്ച
ആയുധങ്ങളൊക്കെയും തുരുമ്പെടുക്കുന്നു..
എങ്ങും വിലാപം മാത്രം...
ജാതി-മത-രാഷ്ട്രങ്ങൾക്കപ്പുറത്ത്
അതിരുകളില്ലാതാകുന്ന കാഴ്ച്ച
പുതിയൊരു പുലരിതൻ സ്വപ്നം
ചിറക് വീശുന്നുണ്ട് വീഥിയിൽ..








Friday, May 3, 2019

കാലം






   കാലം

ചിറകറ്റുപോയ പക്ഷി
ആകാശത്തിന്റെ വിശാലതയെ
ചുടുകണ്ണീരാൽ നോക്കി നിന്നു...
മൗനനൊമ്പരങ്ങളിൽ
പിടയുന്ന നെഞ്ചകം
മേഘങ്ങളേ തഴുകാൻ വെമ്പി വിതുമ്പി...
കാലം അറുത്തിട്ട തന്റെ ചിറകുകൾ
ചോര  വാർന്നൊഴുകിയ മണൽത്തിട്ടിൽ
പിടഞ്ഞമരുമ്പോഴും ഒന്നും അറിയാതെ
പറയാതെ തിരിയാതെ ഒരിറ്റ് മിഴിനീർ്
പൊഴിക്കാതെയകലവേ
പൊഴിക്കുന്നു കണ്ണുനീർ കാലം
ചിതറുന്നു ചുടുചോര സൂര്യന്റെ കൺകളിൽ..

Sunday, March 8, 2015

മറുവാക്ക്...


ചാരിയ ജാലകവാതിലിനപ്പുറം-
ഒരു കുഞ്ഞുകാറ്റുണ്ട് തിരയുന്നു ചുറ്റിലും.
ആകാശവീഥിയിൽ,മേഘശകലങ്ങളിൽ-
അമ്പിളിക്കല ദൂരെയാരെയോ തിരയുന്നു.

രാപ്പകലുകളാരെയോ തേടുന്നു മൂകമായ്-
ഒരുകുഞ്ഞുപ്രാവിന്റെ കുറുകലായോർമ്മകൾ.
നോക്കാതെ,മൊഴിയാതെ,പിന്തിരിഞ്ഞീടാതെ-
നീ പോയ്മറഞ്ഞൊരാ വീഥികൾ ശൂന്യമായ്.

അലതല്ലിയലറുന്ന കടലായി നെഞ്ചകം-
നീറുന്നു നിറയുന്നു നീ സഖീ നിർഭരം.
നെടുവീർപ്പിലുയരുന്ന തിരമാല തിരയുന്നു-
തീരത്തു നീയന്നു കോറിയ വാക്കുകൾ.

കടൽ തേടിയലയുമൊരു പുഴപോലെ നീ സഖീ-
നിറയുന്നു ഹൃദയത്തിൽ മൂകാശ്രൂധാരയായ്.
വെന്തുരുകുമീ പൊന്മുളംതണ്ടിന്റെ തേങ്ങലി-
ലുയരുന്നു ശ്രുതിരാഗതാളലയ സന്ധ്യകൾ.

കാർമേഘമേ നീയെനിക്കായ് പൊഴിച്ചൊരീ-
കവിത മാത്രം മതീ രാപ്പകൽ നീന്തുവാൻ.
മഴമേഘമേ നിനക്കാവില്ലൊരിക്കലും-
ഇടനെഞ്ചിലെരിയുന്ന ചൂടകറ്റീടുവാൻ...

Friday, December 26, 2014












പൊയ്മുഖങ്ങൾ...
ഈ മുഖംമൂടി-
എനിക്കു സമ്മാനിച്ചത്-
നീയായിരുന്നു..
എനിക്കിന്നത് നന്നായി ചേരുന്നുമുണ്ട്.
എന്റെ മുഖത്തെ വിഷാദഭാവം,
എന്റെ കണ്ണുകളിൽനിന്നും ഊർന്നിറങ്ങിയ
നീർച്ചാലുകൾ,
അടിപ്പാടുകളാൽ വിക്രിതമായ മുഖം
എല്ലാം എനിക്കിതിന്നടിയിൽ
മറച്ചുവെയ്ക്കാം..
ഉള്ളിലെരിയുന്ന ലാവാപ്രവാഹം
കണ്ണുകളിലൂടെ,കവിളിലൂടെ-
ചാലിട്ടൊഴുകുമ്പൊഴും- 
എനിക്കു ചിരി പൊഴിക്കാം
കടലുപോലെ...തിരകൾ പോലെ..
മൗനത്തിന്റെ വഴിത്താരകളിൽ
നാമറിഞ്ഞ മുളങ്കാടിന്റെ മധുരാരവം,
ജന്മാന്തരങ്ങൾ തേടിയലഞ്ഞ-
ഉറങ്ങാതുണർന്ന രാവുകൾ,
നിലാവിലൊഴുകിനടന്നൊരായിരം
മണലെഴുത്തുകൾ,കിനാവുകൾ...
എല്ലാം...എല്ലാമിനി മറച്ചുവെയ്ക്കാം
പൊയ്മുഖങ്ങൾ..
എല്ലാം വെറും പൊയ്മുഖങ്ങൾ..


Saturday, December 13, 2014



ഓറഞ്ചു സൂര്യൻ

കടലുപോലെ ശാന്തമെങ്കിലും
നിന്റെ ഹ്രിദയം എത്രമേൽ
പ്രക്ഷുബ്ധമെന്ന് എനിക്കല്ലേ അറിയൂ...
നിന്റെയോരോ തിരയിളക്കങ്ങളിലും
ഒരു തേങ്ങലായെന്റെ ഹ്രിദയതാളമുണ്ട്..

ചുടു നെടുവീർപ്പുകളായത് തീരത്തെ
പുൽകുമ്പൊഴും ഞാനറിയുന്നുണ്ട്
എന്റെ നെഞ്ചിലുയരുന്ന നൊമ്പരം..
മണൽത്തരികളന്നേറ്റു വാങ്ങിയ
എന്റെ ഹ്രിദയരക്തകണികകൾ
തിരകൈകളാൽ മായ്ച്ചെടുത്തവളാണു നീ..

മരവിച്ച മനസ്സും മുറിവേറ്റൊരുടലുമായന്ന്
അന്ധകാരതീച്ചൂളയിൽ വെന്തുരുകുമ്പോഴും
എന്റെയുള്ളിലെ കടൽ നീയറിയാതെ പോയി..
പ്രണയകാലത്തിന്റെ മൂകസാക്ഷിയായ-
ഓറഞ്ചു സൂര്യൻ കടലാഴങ്ങളിൽ മുഖം മറച്ചു..







ശരശയ്യയിൽ...

ശപിക്കപ്പെട്ട ചില ജന്മങ്ങളുണ്ട്..
സ്നേഹ നിസ്സഹായതയുടെ ശരശയ്യയിൽ
മരിക്കാൻപോലുമാകാതെ വേദനിക്കുന്നവർ..
മരണത്തിന്റെ മണിമുഴക്കത്തിനായി-
കതോർക്കുന്ന കഴുകന്റെ കണ്ണുകൾ..
അർജ്ജുനാ നിനക്കൊരായിരം നന്ദി..
നീയെനിക്കായ് തീർത്ത ശരശയ്യയിൽ
പ്രാണവേദനയുടെ സുഖാനുഭൂതിയിൽ-
കത്തിയമരുമ്പൊഴും കാണുന്നു ഞാൻ
ശിഖണ്ഡിതൻ ആത്മനിർവ്രിതി..
ഉത്തരായനം വരെ കാത്തുകിടക്കണം..
ഞാൻ വെറുതെയൊന്നു കണ്ണടച്ചോട്ടെ...
ഞാനെന്താണെന്നും എന്റെയുള്ളിലെന്താണെന്നും
മറ്റുള്ളവരെന്തിനറിയണം...?
(മരണമെത്തുന്ന നേരത്തു നീയെന്റെ-
അരികിലിത്തിരി നേരമിരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ-
ഒടുവിൽ മെല്ലെത്തലോടി ശമിക്കുവാൻ
..)
ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം...
ഈ മരണവേദന മറക്കാൻ
എനിക്കതുമാത്രം മതി..