മഴയോർമ്മകൾ


Sunday, April 19, 2020

ഓർമ്മപ്പൂക്കൾ









 












ഓർമ്മപ്പൂക്കൾ

മുറ്റത്ത് കോഴിഞ്ഞു വീണ
സ്വർണ്ണനിറമാർന്ന
ഇലഞ്ഞിപൂക്കൾക്ക് നിന്റെ
സ്നേഹത്തിന്റെ സുഗന്ധമാണ്..
പണ്ടെപ്പോഴോ നീയെന്റെ കൈകളിൽ
പകർന്നു തന്ന പ്രണയോപഹാരം.
കലിയോടെ ചൂലുമായ് നിൽക്കുന്ന
പ്രിയതമയ്ക്കതു വെറും തൂത്താലും മായാത്ത
കരിയിലച്ചവറുകൾ..
ഇരുട്ടിൽ തുറന്നിട്ട ജാലകത്തിനപ്പുറം
കടലാഴങ്ങളിൽ നാം കണ്ട കനവുകൾ
നാം കൊറിയ വാക്കുകൾ,
തീരം തേടിയലഞ്ഞ രാവുകൾ..
കോർത്ത വിരലുകൾ..
വൃന്ദാവനം...പ്രണയാർദ്രമാമേതോ
മുളന്തണ്ടിന്റെ മധുരഗീതം..
ഉറങ്ങാതുണർന്ന രാപ്പകലുകൾ
അകലെയാണെങ്കിലും
ഒരു മഴയിലലിഞ്ഞു നാം
ഒരു കനവിലലിഞ്ഞു നാം
അടഞ്ഞുപോയ ജനാലകൾ
കത്തിയമർന്ന മുളങ്കാടുകൾ ,
മുരളിക നിലച്ച വൃന്ദാവനം.
ഓർമ്മകളിലെവിടെയോ -
ഒരിടയന്റെ തേങ്ങൽ.

Wednesday, April 8, 2020








 


മരണവിത്തുകൾ
എങ്ങും നിശ്ശബ്ദത മാത്രം..
വിജനമായ വീഥികളിൽ
മരണത്തിന്റെ ഗന്ധവും പേറി
കാറ്റു വീശുന്നുണ്ട്..
പതിയിരിക്കുന്നുണ്ട് മരണത്തിന്റെ
സൂക്ഷ്മവിത്തുകൾ..
മുള നുള്ളാൻ മാത്രം പഠിച്ചവർ..
മുഖം നഷ്ട്ടപെട്ട മനുഷ്യജീവികൾ
മറത്തുണികൾക്കുള്ളിൽ പതുങ്ങിയിരിപ്പുണ്ട്
മരണസംഭ്രമത്തോടെ .
പ്രേതഭൂമിയിൽ ജഡങ്ങൾ നിറയുന്നു.
അവസാന യാത്രാമൊഴി പോലും ചൊല്ലാതെ
ചീഞ്ഞു നാറുന്നത് കൊച്ചു വീടുകളിലിരുന്ന്
അറിയുന്നുണ്ട് നിറകണ്ണുകൾ..
പട നയിക്കാൻ മാത്രം പഠിച്ചവർ
പണച്ചാക്കുകൾക്കും പടക്കോപ്പുകൾക്കും
മീതെയിരുന്നു കരയുന്നുണ്ട്
അപ്പവും വീഞ്ഞുമായി
നടുക്കടലിലുടെ ഇനിയാരും നടന്നു വരാനില്ല..
ദൈവങ്ങളെല്ലാം ഉറക്കത്തിലാണ്..
അവർക്കിടയിലൂടെ ചില മാലാഖമാർ
പറന്നിറങ്ങുന്നുണ്ട് സ്നേഹചിറകു വീശി..
യുദ്ധഭൂമിയിൽ നാം കൂട്ടിവെച്ച
ആയുധങ്ങളൊക്കെയും തുരുമ്പെടുക്കുന്നു..
എങ്ങും വിലാപം മാത്രം...
ജാതി-മത-രാഷ്ട്രങ്ങൾക്കപ്പുറത്ത്
അതിരുകളില്ലാതാകുന്ന കാഴ്ച്ച
പുതിയൊരു പുലരിതൻ സ്വപ്നം
ചിറക് വീശുന്നുണ്ട് വീഥിയിൽ..